മണിച്ചന്റെ മോചനം; നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണം, സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ മണിച്ചന്റെ മോചനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചു. രാജീവ്ഗാന്ധി വധക്കേസില്‍ മുപ്പത് വര്‍ഷത്തിലേറെ ജയിലില്‍ക്കഴിഞ്ഞ പേരറിവാളന് മോചനം അനുവദിച്ച വിധി പരാമര്‍ശിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. മോചന കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഈ വിധി കൂടി പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.

മണിച്ചന്‍ ഇരുപത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ജയില്‍ ഉപദേശക സമിതിയുടെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മണിച്ചന്റെ മോചനം സംബന്ധിച്ച് എല്ലാ ഫയലുകളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മോചനം ആവശ്യപ്പെട്ട് നാല് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാത്തതില്‍ ജയില്‍ ഉപദേശക സമിതിയെ വിമര്‍ശിക്കുകയും ചെയ്തു.

Read more

ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം. മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിച്ച മദ്യം കഴിച്ച് 30ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ 2009 ല്‍ രോഗബാധിതയായി മരിച്ചു.