സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്; ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റേത് ഏറ്റവും മോശം പ്രവര്‍ത്തനമാണെന്ന് ചീഫ് സെക്രട്ടറി. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം, കോടതിയിലെ കേസുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നതെന്നാണ് വിമര്‍ശനം.

ആരോഗ്യവകുപ്പില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാനതലയോഗത്തിലാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. 700ല്‍ അധികം കേസുകളാണ് വകുപ്പുമായ് ബന്ധപ്പെട്ട് നിലവിലുള്ളത്. ഇതിനെല്ലാം കോടതിയില്‍ ചീഫ് സെക്രട്ടറിയും മറുപടി നല്‍കണം. ഇതേ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി യോഗത്തില്‍ അതൃപ്തി അറിയിച്ചത്.

വിമര്‍ശനം ഉന്നയിച്ച വിഷയങ്ങളില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് യോഗത്തിലെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കും വകുപ്പ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചു.