കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ ഇത്തരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി കാനഡ ആസ്ഥാനമായുള്ള കോളേജുകളില്‍ അഡ്മിഷന്‍ എടുക്കും. തുടര്‍ന്ന് സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിക്കുന്നവരെ അനധികൃതമായി യുഎസിലേക്ക് കുടിയേറാന്‍ സഹായിക്കും. ഗുജറാത്തില്‍നിന്നുള്ള നാലംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച കുടുംബം അതിശൈത്യത്തെ തുടര്‍ന്ന് 2022 ജനുവരി 19ന് കാനഡ-യുഎസ് അതിര്‍ത്തിയില്‍ മരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അഹമ്മദാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് മുഖ്യപ്രതിയായി ഉയര്‍ന്നുവന്ന ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റു ചിലര്‍ക്കും കള്ളപ്പണമിടപാടുമായി ബന്ധമുള്ളത്. കാനഡയില്‍ നിന്ന് ഇത്തരത്തില്‍ യുഎസിലേക്ക് കുടിയേറാന്‍ ഒരാളില്‍ നിന്ന് 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.