'എല്ലാവരും ചേര്‍ന്ന് എനിക്ക് സംഘിപ്പട്ടം ചാര്‍ത്തി തന്നു, വർഗീയവാദി ആക്കി'; ഞാൻ സാധാരണക്കാരിൽ സാധാരണക്കാരൻ: ജിതിന്‍

വിവാദങ്ങൾക്ക് പിന്നാലെ എല്ലാവരും ചേര്‍ന്ന് തനിക്ക് സംഘിപ്പട്ടം ചാര്‍ത്തി തന്നുവെന്നാരോപിച്ച് ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍. താൻ സാധാരണക്കാരിൽ സാധാരണക്കാരനാണെന്നും എന്നെ ചിലർ വർഗീയവാദി ആക്കിയെന്നും ജിതിൻ പറഞ്ഞു. മനാഫിന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രതികരണം.

തന്നെ വർഗീയത പറയുന്ന ആളൊക്കെയായി ചിത്രീകരിക്കുന്ന ചിലരെ സോഷ്യൽ മീഡിയയിൽ കണ്ടെത്താനായെന്നും ജിതിൻ പ്രതികരിച്ചു. വിവേക ഉള്ള ഒരാളും അങ്ങനെ ചെയ്യരുതെന്നും ജിതിൻ പറഞ്ഞു. മണഫുമായി ഉണ്ടായ വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അതുണ്ടായി.

താൻ സാധാരണ ഒരു ജിതിൻ ആണ് അതിൽ ഒരുപാട് പാകപ്പിഴകൾ ഉണ്ടാകുമെന്നും ജിതിൻ കൂട്ടിച്ചേർത്തു. അതേസമയം പത്രസമ്മേളനത്തില്‍ എല്ലാ കാര്യവും പറയാന്‍ സാധിച്ചില്ല. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല ജനങ്ങളില്‍ എത്തിയതെന്നും ജിതിന്‍ പറഞ്ഞു. അതിനിടെ ജിതിന്‍ മാതൃകയാക്കേണ്ടയാളാണെന്ന് മനാഫും പ്രതികരിച്ചു. തങ്ങള്‍ ഒരു കുടുംബമാണ്. ഇവരെ സംഘി അളിയാ എന്ന് വിളിക്കരുത്. അര്‍ജുന്റെ അളിയനും അനിയനും തന്റെ കുടുംബമാണെന്നും തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് ആവര്‍ത്തിച്ചു.

അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അര്‍ജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പുപറഞ്ഞിരുന്നു. അതിനിടെ കുടുംബം വീണ്ടും പരാതി നൽകി. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.

Read more