പകുതി വില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദ കുമാറിന് മുൻകൂർ ജാമ്യമില്ല. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.
ജാമ്യഹർജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. തൻറെ അക്കൗണ്ടിൽ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ആനന്ദ കുമാർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു തവണ മാറ്റിവെച്ച കേസിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കുകയായിരുന്നു.
Read more
കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ കണ്ണൂർ എസ്പിയെ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽചെയ്തിരുന്നത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.