സിപിഐയ്ക്കുള്ളിലും എല്‍ഡിഎഫ് മുന്നണിയ്ക്കുള്ളിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെയും സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനില്‍ക്കുമെന്ന് കണ്ടറിയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയണം. പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. വഖഫ് ട്രിബ്യൂണലിനെതിരെ കോടതിയെ സമീപിച്ച വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും സതീശന്‍ ആരോപിച്ചു.
നീതി വൈകിപ്പിക്കുന്ന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് വഴിയൊരുക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്.
Read more
ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. മെയ് 19-ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാനിരിക്കെ മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. വഖഫ് മന്ത്രിയുടെകൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതെന്നും സതീശന്‍ പറഞ്ഞു.