മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ, ഉടമ വിദേശത്ത്

മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല.

മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും വീട്ടുകാരും വിദേശത്താണ് താമസം. ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടത്. രാവിലെ ആമകൾക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടർന്ന് ടാങ്കിനുള്ളിൽ യുവതിയുടെ മൃതദേഹം കാണുകയായിരുന്നു.

മൂന്നുദിവസം മുൻപാണ് അവസാനമായി വാട്ടർ ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനുശേഷം ഇന്ന് രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകൾക്ക് തീറ്റ നൽകാനും എത്തിയത്. വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങളുണ്ട്. സംഭവത്തിൽ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more