അമിതമായി പഴവും തണ്ണിമത്തനും നല്‍കി തൃക്കടവൂര്‍ ശിവരാജുവിനെ അവശനാക്കി; വീണ്ടും ഏഴുന്നള്ളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു; ഏക്കത്തുകയില്‍ റിക്കാര്‍ഡിട്ട ആനയ്ക്ക് ഇനി വിശ്രമം

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവിനെ അവശതതോടെ ഏഴുന്നള്ളിക്കാന്‍ കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൃക്കടവൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളുകളില്‍ ശിവരാജുവിന് ഉദരസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

ചികിത്സനടത്തിയ ഡോക്ടര്‍മാര്‍ ആനയ്ക്ക് ഒരുമാസം വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇതുമൂലം, തൃക്കടവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള മൂന്ന് വിളക്കെഴുന്നള്ളിപ്പിനും ശിവരാജുവിനെ പങ്കെടുപ്പിച്ചില്ല. ആനയെ കൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ഭക്തര്‍ തൃക്കടവൂര്‍ ദേവസ്വം ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ആനയെ പരിശോധിക്കാന്‍ അയച്ചു.

തുടര്‍ന്ന് ഒരാഴ്ച പൂര്‍ണവിശ്രമം വേണമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിക്കുകയായിരുന്നു. കാലിലെ നഖത്തിന് അടിയന്തരചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

രാവിലെ പത്തുമണിയാടെ സംഘം ആനയുടെ രക്തസാമ്പിളും എരണ്ടവും ശേഖരിച്ചു. ഇത് ജില്ലാ വെറ്ററിനറി കേന്ദ്രം ലാബിലേക്ക് അയച്ചു. ആനയ്ക്ക് അമിതമായി പഴവര്‍ഗങ്ങളും തണ്ണിമത്തനും നല്‍കിയതാണ് ബുദ്ധിമുട്ടിനു കാരണമെന്ന് പരിശോധനയില്‍ വിലയിരുത്തി. ഒരാഴ്ച പൂര്‍ണവിശ്രമം നിര്‍ദേശിച്ചു. ആനയുടെ നഖത്തിനും പാദങ്ങളിലും ഉണ്ടായ പൊട്ടലുകള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു.

ആനകളുടെ ഏക്കത്തുകയില്‍ തൃക്കടവൂര്‍ ശിവരാജു അടുത്തിടെ റെക്കോര്‍ഡിട്ടിരുന്നു. ശിവരാജുവിനെ തൃശൂര്‍ കുന്നംകുളം ചീരക്കുളങ്ങര ക്ഷേത്രത്തില്‍എഴുന്നള്ളിക്കുന്നതിനായി ചൈതന്യം പൂരാഘോഷ കമ്മിറ്റി 13,55,559 രൂപയ്ക്കാണു സ്വന്തമാക്കിയത്.

തിരുവനന്തപുരത്തു ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്താണു ടെന്‍ഡര്‍ നടപടികള്‍ നടന്നത്. ലേലം ഇല്ലാതെ തൃക്കടവൂര്‍ ശിവരാജുവിനെ എഴുന്നള്ളിക്കുന്നതിന് 2.50 ലക്ഷം രൂപയാണു ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്. ഇതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു കൂടിയ ഏക്കത്തുക; 13 ലക്ഷം രൂപ. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളില്‍ ഏറ്റവും തലയെടുപ്പുള്ള ലക്ഷണമൊത്ത ആനയായി തൃക്കടവൂര്‍ ശിവരാജു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗജരാജരത്‌ന പട്ടം നല്‍കിയും ദേവസ്വം ബോര്‍ഡ് ആദരിച്ചിരുന്നു.