'കള്ള് ഗ്ലൂക്കോസിനെക്കാളും പവർഫുൾ, ബെഡ് കോഫി കുടിക്കുന്നതിനെക്കാൾ നല്ലത്'; ഇ പി ജയരാജൻ

ബെഡ് കോഫി കുടിക്കുന്നതിനെക്കാൾ നല്ലതാണ് ചെത്തിയ പാടേ ഉള്ള കള്ളെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. കള്ള് ലിക്വർ ആക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും ബെഡ് കോഫി കുടിക്കുന്നതിനെക്കാൾ നല്ലതാണ് ചെത്തിയ പാടേയുള്ള കള്ള് കുടിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

കള്ള് ഗ്ലൂക്കോസിനെക്കാളും പവർഫുൾ ആണെന്നും ചെത്ത് കള്ള് ലിക്വർ ആക്കാൻ പാടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. കള്ള് ചെത്ത് വ്യവസായം ശക്തിപ്പെടുത്തണം എന്ന് അഭിപ്രായക്കാരനാണ് താൻ എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. തെങ്ങ് ചെത്തിയപ്പോൾ തന്നെ കിട്ടുന്ന നീര് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ബെഡ് കോഫി കുടിക്കുന്നതിനെക്കാൾ നല്ലതാണ് ചെത്തിയ പാടേ ഉള്ള കള്ളെന്നും ഇ പി ജയരാജൻ പറഞ്ഞു.

നേരത്തെ കള്ള് നല്ലതാണെന്ന് പറഞ്ഞ ഇ പി ജയരാജൻ്റെ നിലപാടും മദ്യപിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നിലപാടും ചൂണ്ടിക്കാണിച്ച് ഇതിലെ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇ പി ജയരാജൻ്റെ വിശദീകരണം. നേരത്തെ പറഞ്ഞതും ലിക്വറല്ലാത്ത കള്ളിനെക്കുറിച്ചാണെന്ന് ഇ പി ജയരാജൻ വ്യക്തത വരുത്തി.

അതേസമയം പ്രായപരിധിയിൽ ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. പ്രായപരിധി ചർച്ചാ വിഷയമല്ലെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കവെയാണ് പ്രായപരിധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ പി ജയരാജൻ അഭിപ്രായം പറഞ്ഞത്. ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പൊതുവെ എടുക്കുന്ന നിലപാട് പുതിയ നേതൃശക്തികളെ ഉയർത്തി കൊണ്ടുവരിക എന്നതാണ്. അതിനുളള നടപടികൾ സ്വീകരിക്കും. പ്രായപരിധി എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച ഒന്നാണെന്നും അത് നിയമപരമായ പരിരക്ഷയുടെ ഭാ​ഗമായിട്ടുളളതല്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

Read more