ഹോട്ടലിൽ കയറി അതിക്രമം; ജാമ്യത്തിലിരിക്കെ പൾസർ സുനിക്കെതിരെ വീണ്ടും കേസ്

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് പൾസൾ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

ഭാരതീയ ന്യായ സംഹിതയുടെ 296(b),351(2),324(4) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയതിനിടയിലാണ് വീണ്ടും പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടൽ ജീവനക്കാരോട് ‘നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാ​ഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറിൽ പറയുന്നത്. പിന്നാലെ ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

Read more

കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.