തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങിയതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. തിരുവനന്തപുരം സെട്രലില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തി. ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 പുറപ്പെടേണ്ട ട്രെയിന്‍ വൈകുന്നേരം 7.35 ന് മാത്രമേ തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയിലെ വെള്ളക്കെട്ട് കാരണമാണ് ട്രെയിന്‍ വൈകുന്നത്.
ശക്തമായ മഴയില്‍ തലസ്ഥാന നഗരിയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളില്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകള്‍ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതല്‍ വീടുകളില്‍ വെള്ളം കയറിയെന്ന് നാട്ടുകാര്‍ പറയുന്നു.
Read more
ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പടെ വീടുകളില്‍ നിന്ന് മാറ്റുകയാണ്. അമ്പലത്തിന്‍കര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഫൈബര്‍ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്. ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.