വിഡി സതീശന് മുഖ്യമന്ത്രിയെ പേടി, പിണറായിയുടെ നാവായി മാറിയെന്ന് വി മുരളീധരന്‍

ഡി ലിറ്റ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവിന് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും നല്‍കി വളര്‍ത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാറിയെന്ന് മുരളീധരന്‍ പറഞ്ഞു.

ഡി ലിറ്റിനുള്ള ശിപാര്‍ശ നല്‍കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. അത് കൊടുക്കേണ്ട എന്നുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളത് എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് പറയണം. ദളിത് കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണോ ഡി ലിറ്റ് നിഷേധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഡി ലിറ്റിനുള്ള നിര്‍ദ്ദേശമല്ല ഗവര്‍ണ്ണര്‍ നല്‍കിയത്. ശിപാര്‍ശയാണ് നല്‍കിയത് എന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസ്സിലാക്കണമെന്നും അദ്ദേഹത്തിന് വിവരമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശന്‍ മാറിയിരിക്കുകയാണ്. ഗവര്‍ണ്ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
പിണറായിയെ ഭയക്കുന്ന പ്രതിപക്ഷ നേതാവിനെയല്ല കേരളത്തിന് വേണ്ടത്. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യം ചെയ്യാന്‍ തന്റേടമുള്ള ആളെയാണ് വേണ്ടത്. അത് കോണ്‍ഗ്രസ് പരിഗണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.