കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായി; വോളന്റിയര്‍മാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു; ബലമായി മൈക്ക് ഓഫ് ചെയ്തു; നടപടി ഉണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊച്ചിയില്‍ നടന്ന ‘കേരള സ്‌കൂള്‍ കായികമേള 24’ ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമാപന സമ്മേളനം നല്ല നിലയില്‍ മുന്നോട്ടു പോകുമമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ ഉന്നയിക്കുന്നത്.

സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഫലം ഉണ്ടായില്ല.

സാംസ്‌കാരിക പരിപാടി തടയാനും വളന്റിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്‌കൂള്‍ ഒളിമ്ബിക്‌സിന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

കായികമേള അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരുടെ ആവശ്യം സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതല്‍ പോയന്റ് ആ സ്‌കൂളുകള്‍ക്ക് നല്‍കണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താന്‍ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി.

ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഈ സ്‌കൂളുകളിലെ അധ്യാപകരാണ്. 2018 ഓഗസ്റ്റ് 17നാണ് കേരള സ്‌കൂള്‍ കായികമേളയുടെ മാനുവല്‍ പരിഷ്‌കരിച്ചത്. ഇതില്‍ ഒരിടത്തും ജനറല്‍ സ്‌കൂള്‍ എന്നും സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും വേര്‍തിരിവ് വേണമെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒളിമ്ബിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂള്‍ കായികമേള ചരിത്രം കുറിച്ചിരിക്കുകയാണ്.

ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കായികമേളയില്‍ ജനറല്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ വേര്‍തിരിവുകള്‍ ഇല്ല. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജനറല്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്ന വ്യത്യാസം കൂടാതെയാണ് കുട്ടികള്‍ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂളുകളെ വേര്‍തിരിച്ച് സമ്മാനം നല്‍കുന്നത് ഉചിതമല്ല. സംസ്ഥാന കായിക മേളയിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത് മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ മികച്ച കായിക താരങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്.

Read more

ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കാലങ്ങളില്‍ സ്‌പോര്‍ട്‌സ് ഡിവിഷനുകളും ജനറല്‍ സ്‌കൂളുകളും വേര്‍തിരിച്ച് മത്സരം നടത്തിയിരുന്നത് ഏകീകരിച്ചത്. ഈ ഏകീകരണത്തെ തുടര്‍ന്ന് വീണ്ടും സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജനറല്‍ സ്‌കൂള്‍ എന്നിങ്ങനെ സ്‌കൂളുകളെ വേര്‍തിരിക്കുക ഉചിതമല്ല. സ്‌പോര്‍ട്‌സില്‍ മികവിനാണ് പ്രാധാന്യം. മികവിന് മറ്റു രീതിയിലുള്ള വേര്‍തിരിവുകള്‍ കൊണ്ടുവരുന്നത് സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ല എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് 39 കായിക ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലയെ കണക്കാക്കുന്നതില്‍ ഒരുമിച്ച് മത്സരിക്കുന്ന കുട്ടികളെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നോ ജനറല്‍ സ്‌കൂള്‍ എന്നോ കാറ്റഗറി തിരിച്ച് വേര്‍തിരിക്കുന്നില്ല. അത്ലറ്റിക്‌സ് എന്ന കായിക ഇനത്തില്‍ മാത്രം വേര്‍തിരിവ് നല്‍കുവാന്‍ സാധിക്കില്ലന്നും മന്ത്രി വ്യക്തമാക്കി.