വന്ദേഭാരതിന് പോകാനായി മറ്റ് ട്രെയ്‌നുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള എറണാകുളം-അമ്പലപ്പുഴ റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് ഇതിന് കാരണം.
അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍-അമ്പലപ്പുഴ റൂട്ടില്‍ ഡിസംബറോടെ മാത്രമേ നിര്‍മാണ ജോലികള്‍ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴ-എറണാകുളം റൂട്ടില്‍ പാസഞ്ചര്‍ ട്രെയ്ന്‍ ഉള്‍പ്പടെ വൈകുന്നതിനാല്‍ സമയത്ത് വീട്ടിലും ഓഫീസിലും എത്താന്‍ കഴിയാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു.
അമ്പലപ്പുഴ – എറണാകളും റൂട്ടില്‍ ഒറ്റ ട്രാക്ക് മാത്രമേയുള്ളൂ എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എറണാകുളം മുതല്‍ തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. തുറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്തിടെയാണ് അനുമതി കിട്ടിയത്.
Read more
പാത ഇരട്ടിപ്പിക്കലിന് ഫണ്ട് എത്തിയാലേ നടപടികള്‍ തുടങ്ങാനാകൂ. 45 കിലോമീറ്റര്‍ ദൂരം പാത ഇരട്ടിപ്പിക്കാന്‍ 1262 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. സാങ്കേതി നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇരട്ടപ്പാതയുടെ നിര്‍മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രധാന ചോദ്യം.