നിലപാടില്‍ എങ്ങനെ മാറ്റം വന്നു; മദ്യനിര്‍മ്മാണ ശാല അനുവദിച്ചതില്‍ ദുരൂഹതയെന്ന് വിഡി സതീശന്‍

പാലക്കാട് കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ചതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് വ്യക്തമാക്കണം. കഴിഞ്ഞ 26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി, വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി.

1999 മുതല്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടില്‍ എങ്ങനെ മാറ്റം വന്നു? ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്കക്കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായതെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.