കേരളത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണന; എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് വീണ ജോര്‍ജ്ജ്

കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തില്‍ അഭ്യര്‍ഥനയും നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതകര്‍ക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം കേരളത്തിന് കിട്ടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേരളത്തിന് ലഭിച്ചത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാല്‍ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവര്‍ദ്ധനവില്‍ കാര്‍ഷിക മേഖലയിലെ സബ്സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വര്‍ദ്ധനവില്ല.

കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷുറന്‍സിനും തുക കുറവാണ്. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണ്. ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞു. കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.