കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ പെരിയ ഇരട്ടക്കൊല കേസിൽ വിധി നാളെ. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. കേസിന്റെ വിചാരണ നടപടികൾ സിബിഐ പ്രത്യേക കോടതിയിൽ പൂർത്തിയായി. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി പറയുന്നത്. 2019 ഫെബ്രുവരി 17-നാണ് സംഭവം നടക്കുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പി. പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ 20-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ 13-ാം പ്രതിയുമാണ്. സി.പി.എം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്‌ണൻ എന്നിവരടക്കം ആകെ 24 പ്രതികളാണുള്ളത്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.