പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. ചെറുകോല്‍ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ജിനുവിനെയുമാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വസ്തു പോക്കുവരവ് ചെയ്യാനായി 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ചെറുകോല്‍ സ്വദേശിയായ ഷാജി ജോണ്‍ കഴിഞ്ഞ മേയ് പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നു.
നാലു തവണ നേരിട്ടെത്തിയും നിരവധി തവണ ഫോണ്‍ മുഖേനയും പോക്കുവരവിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോള്‍ ഇതു ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയില്‍ കുറച്ചു പൈസ കരുതിക്കോളാന്‍ പറയുകയും ചെയ്തു. 500 രൂപ കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. എത്രയാണ് വേണ്ടതെന്നു ചോദിച്ചപ്പോള്‍, വില്ലേജ് ഓഫീസറായ രാജീവ് 5,000 രൂപ ആവശ്യപ്പെട്ടു.
Read more
ഈ വിവരം ഷാജി ജോണ്‍ പത്തനംതിട്ട യൂണിറ്റ് വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരനെ അറിയിച്ചു. തുടര്‍ന്ന് പണം സ്വീകരിക്കുന്‌പോള്‍ത്തന്നെ വിജിലന്‍സ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.