മോക് പോളിൽ ബിജെപി സ്ഥാനാർത്ഥിക്ക് അധിക വോട്ട് നൽകി വോട്ടിംഗ് മെഷീൻ; കാസർഗോഡ് പരാതി

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർഗോഡ് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ ബിജെപി സ്ഥാനാർഥിക്ക് അധിക വോട്ട് നൽകി വോട്ടിങ് മെഷീൻ. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ പരാതിപ്പെട്ടു. ഇന്നലെ നടത്തിയ മോക് പോളിലാണ് സംഭവം.

കാസർകോട് സിപിഎം ലോക്സഭാ സ്ഥാനാർഥി എംവി ബാലകൃഷ്ണന്റെയും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെയും ഏജന്റുമാർ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ കെ ഇൻബാശേഖറിനു പരാതി നൽകി. അശ്വിനി എംഎല്ലാണ് കാസർഗോഡ് ബിജെപി സ്ഥാനാർഥി.

വോട്ട് രേഖപ്പെടുത്തുമ്പോൾ ബിജെപിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ ഏജന്റ് മുഹമ്മദ് നാസർ ചെർക്കളം അബ്ദുല്ല അറിയിച്ചു. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം വോട്ടിങ് മെഷീനിലെ മറ്റുള്ള ചിഹ്നങ്ങളേക്കാൾ ചെറുതായാണ് കൊടുത്തിരിക്കുന്നതെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി.

Read more

ആദ്യ റൗണ്ടിൽ ഉള്ള 1, 8, 139 ബൂത്തുകളിലെ ഇവിഎം മെഷീൻ സംബന്ധിച്ച് ആണ് പരാതി ഉയർന്നത്. മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.