പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് കിട്ടുമെന്ന് പറയുന്നതില്‍ 10 സീറ്റ് കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ തന്നെ ആ കണക്ക് ഊഹിക്കാവുന്നതേ ഉള്ളുവെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. കേരളത്തില്‍ നിന്ന് രണ്ടക്ക സീറ്റ് ബിജെപിയ്ക്ക് കിട്ടുമെന്ന് പറയുന്ന പ്രധാനമന്ത്രിക്ക് ഇന്ത്യയില്‍ 400 സീറ്റ് കിട്ടുമെന്ന് പറയാമല്ലോയെന്നും സുനില്‍ കുമാര്‍ പരിഹസിച്ചു. തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനെ കുറിച്ച് സിപിഐ സ്ഥാനാര്‍ത്ഥി സൗത്ത് ലൈവിനോട് പ്രതികരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങളെ കുറിച്ചും പ്രതിപാദിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് കേരളത്തില്‍ വന്ന് രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറഞ്ഞത്. ആ പ്രധാനമന്ത്രി തന്നെയാണ് 400 സീറ്റ് കിട്ടുമെന്നും പറയുന്നത്. രണ്ടും കൂടി ഒന്ന് താരതമ്യപ്പെടുത്തിയാല്‍ മതി. 390 കഴിച്ച് ബാക്കി 10 സീറ്റ് കേരളത്തില്‍ നിന്നാണ്. ഒന്ന് കണക്കുകൂട്ടിയാല്‍ മതി അപ്പോള്‍ എത്ര സീറ്റ് കിട്ടുമെന്ന്.
പ്രധാനമന്ത്രിക്ക് എപ്പോഴും കേരളത്തില്‍ വരാമെന്നും എന്നാല്‍ പ്രളയം നടന്ന കാലത്ത് പ്രധാനമന്ത്രിയെ ഞങ്ങള്‍ ഇവിടൊന്നും കണ്ടിട്ടില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിഎസ് സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു. പ്രളയ കാലത്തൊന്നും അദ്ദേഹത്തെ ആരും ഇവിടെ കണ്ടിട്ടില്ല. തൃശൂരില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പതിനായിരങ്ങള്‍ കിടന്നപ്പോഴൊന്നും പ്രധാനമന്ത്രി എന്താ കാണാന്‍ വരാഞ്ഞതെന്ന സംശയം എല്ലാര്‍ക്കുമുണ്ട്. മണിപ്പൂരൊന്നും പോകാതെ തൃശൂര് വരുമ്പോള്‍ പ്രധാനമന്ത്രിയുടെ വരവെന്തിനാണെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
Read more
നിയമസഭാ തിരഞ്ഞെടുപ്പ് പോലെയല്ല ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും ഇത് വ്യത്യസ്തമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പക്ഷേ താന്‍ ഇവിടെ മല്‍സരിച്ചു ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ലോക്‌സഭാ മണ്ഡലത്തിലുണ്ടെന്നും പഴയ മണ്ഡലത്തിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും അതിനാല്‍ നാല് മണ്ഡലത്തില്‍ തനിക്ക് പരിചിതമായ സ്ഥലങ്ങളുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ പ്രയാസമില്ലെന്നും വി എസ് സുനില്‍ കുമാര്‍ സൗത്ത് ലൈവിനോട് പറഞ്ഞു. വിഎസ് സുനില്‍ കുമാറിന്റെ പ്രതികരണത്തിന്റെ ദൃശ്യവും കാണാം.