'ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത്'; വഫയുടെ രഹസ്യമൊഴി പുറത്ത്

ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വഫ ഫിറോസിന്റെ രഹസ്യമൊഴിയില്‍ പറയുന്നത്.

വളരെ വേഗത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ വണ്ടിയോടിച്ചതെന്നും പതുക്കെ പോകാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും വഫയുടെ മൊഴിയില്‍ പറയുന്നു. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നുവെന്നും രഹസ്യമൊഴിയില്‍ വഫ ഫിറോസ് പറഞ്ഞു. അപകടത്തിനു ശേഷം തന്നോട് വീട്ടിലേക്ക് പോകാന്‍ അവിടെയെത്തിയവര്‍ പറഞ്ഞുവെന്നും വഫ കൂട്ടിച്ചേര്‍ത്തു.

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരിച്ച വാഹനാപകടത്തില്‍ അപകടമുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്റെ രജിസ്‌ട്രേഷനും ശ്രീറാമിന്റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. കേസില്‍ അപകടകരമായ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിച്ചു എന്ന് കാണിച്ച് വഫയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Read more

അതേസമയം, റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.