ഒരു കുടുംബത്തിന് പ്രതിദിനം നൂറ് ലിറ്റര്‍ വെള്ളം മതിയെന്ന് മന്ത്രി; നിര്‍ദേശിച്ച റോഷി ഒരുമാസം ഉപയോഗിച്ചത് 61000 ലിറ്റര്‍; പ്രതിരോധത്തിലാക്കി കണക്കുകള്‍

ജലവിഭവ വകുപ്പ് മന്ത്രിയുടെ വസതിയില്‍ പ്രതിമാസം ശരാശരി ഉപയോഗിക്കുന്നത് 61000 ലിറ്റര്‍ വെള്ളം. ഒരു കുടുംബത്തിന് ഉപയോഗിക്കാന്‍പ്രതിദിനം 100 ലിറ്റര്‍ വെള്ളം പോരെയെന്ന് ചോദിച്ച മന്ത്രി റോഷി അഗസ്റ്റിനെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ ജൂണ്‍-ജൂലായ് മാസത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ച വെള്ളത്തിന്റെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്.

1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഈ രണ്ടുമാസക്കാലയളവില്‍ മന്ത്രി ഭവനത്തില്‍ ഉപയോഗിച്ചത്. മാസം ശരാശരി ഉപയോഗം 61000 ലിറ്റര്‍. നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രണ്ട് കുടിവെള്ള കണക്ഷനാണ് ഉള്ളത്. ജൂണ്‍-ജൂലായ് മാസം ഇതില്‍ ഒന്നില്‍ 1.12 ലക്ഷം ലിറ്റര്‍ വെള്ളവും രണ്ടാമത്തേതില്‍ 10000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചുവെന്നാണ് കണക്ക്. രണ്ട് കണക്ഷനിലുമായി 2542 രുപയാണ് ബില്ല് വന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ ശരാശരി നോക്കിയാല്‍ തന്നെ മാസം ഏകദേശം 40000 ലിറ്റര്‍ വെള്ളമാണ് മന്ത്രി ഭവനത്തിലെ ശരാശരി ഉപഭോഗം.

Read more

സര്‍ക്കാര്‍ വെള്ളക്കരം കൂട്ടിയ തീരുമാനത്തെ ന്യായീകരിച്ച് നിയമസഭയില്‍ സംസാരിക്കവെയായിരുന്നു നാലംഗ കുടുംബത്തിന് ദിവസം 100 ലിറ്റര്‍ വെള്ളം പോരെയന്ന് മന്ത്രി ചോദിച്ചത്. ഇതു വിവാദത്തിലായിരുന്നു.