വയനാട്ടില്‍ ദമ്പതികള്‍ക്ക് എതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവാത്തതെന്ന് എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍

വയനാട് അമ്പലവയലില്‍ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം  ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബത്തേരി എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമത്തിന് ഇരയായവര്‍ ഇതര സംസ്ഥാനക്കാരായാലും കേരളത്തിലുള്ളവരാണെങ്കിലും നടുറോഡില്‍ വെച്ച് ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാവാന്‍ പാടില്ല. നീചമായ സംഗതിയാണ് നടന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് നിലപാട്. ഇതൊക്കെ ഒരിക്കലും സമൂഹത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. അതില്‍ ആരുടേയും മുഖം നോക്കേണ്ട കാര്യമില്ല.

വിഷയത്തില്‍ കേസെടുക്കാന്‍ പരാതിയുടെ ആവശ്യം പോലുമില്ല. നമ്മള്‍ ദൃശ്യങ്ങള്‍ കാണുകയല്ലേ. അവിടെ തൊട്ടടുത്താണ് പൊലീസ് സ്റ്റേഷന്‍. ശക്തമായ നടപടിയെടുക്കേണ്ട ആവശ്യം പൊലീസിന്റേതാണ്. പ്രത്യേക പരാതിയുടെ ആവശ്യമില്ല. ഒരു സ്ത്രീയാണ് അവര്‍. അവരെ നടുറോഡില്‍ ഇട്ട് മര്‍ദ്ദിക്കുക എന്ന് പറയുമ്പോള്‍ നമുക്ക് ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ പിന്നീട് നടത്താം. ആദ്യം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം പരാതി ലഭിക്കാത്തതു കൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പൊലീസ് സംഭവം വിവാദമായതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. നാട്ടുകാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സി.പി.ഐ.എം അമ്പലവയല്‍ ലോക്കല്‍ സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കി.

വിഷയത്തില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനും പൊലീസില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയും അമ്പലവയല്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടി.

പരാതിയില്ലെന്ന പേരില്‍ കേസ് എടുത്താതിരുന്ന പൊലീസ് നടപടി തെറ്റാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചു. ദൃശ്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു വേണ്ടത്. ഇതില്‍ പൊലീസ് എന്ത് ന്യായീകരണം പറഞ്ഞാലും യോജിക്കാന്‍ കഴിയില്ല- എം.സി ജോസഫൈന്‍ പറഞ്ഞു.

വളരെ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. ജില്ലാ പൊലീസ് ഓഫീസറുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി കേസെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ആക്രമണങ്ങള്‍ ആര്‍ക്ക് നേരെയും ഉണ്ടാകാന്‍ പാടില്ല. ജോസഫൈന്‍ പറഞ്ഞു.

അതേസമയം മര്‍ദ്ദനത്തിന് പിന്നാലെ ദമ്പതികളെയും അക്രമിയേയും അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചെന്നും മര്‍ദ്ദിച്ചയാളെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം ചിലരുടെ മാടമ്പിത്ത നയമാണ് ഇതെന്നായിരുന്നു സി.കെ ജാനു പ്രതികരിച്ചത്. സ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടും ഒരു പെറ്റിക്കേസ് പോലും എടുക്കുന്നില്ല. ഇത് എന്ത് ലോകമാണ്.

അവരും മനുഷ്യരാണ്. എന്തിന്റെ പേരിലാണെങ്കിലും മര്‍ദ്ദിക്കാനുള്ള അവകാശം അയാള്‍ക്കില്ല. ഇവിടെ പൊലീസും നിയമവും ഇല്ലേ. തെറ്റും ശരിയും കണ്ടുപിടിച്ച് നടപടിയെടുക്കുകയല്ലേ വേണ്ടത്. കാണുന്നവരൊക്കെ ഇങ്ങനെ മര്‍ദ്ദിക്കുക എന്നത് എന്ത് നടപടിയാണ്.

ഇന്നലെ മര്‍ദ്ദിച്ച് ഈ സമയം വരെയായിട്ട് ഇപ്പോഴാണ് നിയമനടപടിയിലേക്ക് കടക്കുന്നത്. മാടമ്പിമാരെ സംരക്ഷിക്കുന്ന നിലപാടല്ലേ പൊലീസ് എടുത്തത്- സി.കെ ജാനു ചോദിച്ചു.

ഒരു കുറ്റകൃത്യം ഉണ്ടായാല്‍ പരാതി പോലുമില്ലാതെ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാദ്ധ്യതയുള്ളവരാണ് പൊലീസെന്നും എന്നാല്‍ അത് ഇവിടെ ഉണ്ടായില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.കെ പൗരന്‍ പ്രതികരിച്ചു.

ദമ്പതികളെ വിളിച്ചുവരുത്തി പരാതിയില്ലെന്ന വ്യാജേന കേസ് മുക്കാന്‍ പൊലീസ് ശ്രമിച്ചു. അസഹിഷ്ണുത നമ്മുടെ മുറ്റത്തും എത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം. രാജ്കുമാര്‍ കേസില്‍ ഉണ്ടായതു പോലെ പൊലീസ് വീഴ്ച വ്യാപകമാകുന്നു.

തമിഴ്നാട്ടിലെയല്ല ഏത് ദമ്പതികള്‍ക്കാണെങ്കിലും ഇവിടെ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കണം. വനിതാ കമ്മീഷന്‍ ശക്തമായി ഇടപെടണം. ഒരു സ്ത്രീ അപമാനിതയായിരിക്കുന്നെന്നും പി.കെ പൗരന്‍ പ്രതികരിച്ചു.

ഞായറാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.

മര്‍ദ്ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മര്‍ദ്ദനകാരണം വ്യക്തമല്ല. ആദ്യം യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ ജീവാനന്ദ് മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും ജീവാനന്ദ് വീണ്ടും മര്‍ദ്ദനം തുടരുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് “നിനക്കും വേണോ” എന്നു ചോദിച്ച ശേഷം കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് ജീവാനന്ദിനോടു യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. സംഭവം കണ്ടു നിന്ന ആളുകളിലൊരാളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്.

https://www.facebook.com/336385639871677/videos/355563495342474/