വയനാട് ഉരുൾപൊട്ടൽ: 'ഒരു ദുരന്തം വരുമ്പോൾ കേരളസമൂഹം വേറൊരു ലെവലിലേക്ക് മാറുന്നു'; മാതൃകയാകുന്ന രക്ഷാപ്രവർത്തനമെന്ന് മുരളി തുമ്മാരുകുടി

വായനാട്ടിൽ നടക്കുന്നത് ഏറ്റവും മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങളെന്ന് ദുരന്തനിവാരണ വിദഗ്‌ധനും, യുഎന്നിൻ്റെ ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് കോർഡിനേഷൻ ഓഫീസ് ഡയറക്ടറുമായ മുരളി തുമ്മാരുകുടി. ഒരു ദുരന്തം വരുമ്പോൾ കേരളസമൂഹം തീർച്ചയായും വേറൊരു ലെവലിലേക്ക് മാറുന്നുവെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. അതേസമയം ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മുരളി തുമ്മാരുകുടി അറിയിച്ചു.

നടുക്കുന്ന കാഴ്ചകളാണ് വയനാട്ടിൽ നിന്നും വരുന്നത്. പാതിരാത്രിയിൽ, പെരുംമഴയിൽ ഉരുൾപൊട്ടലിൽ പെട്ടവരുടെ, അതിൽ നിന്നും രക്ഷപെട്ടവരുടെ എല്ലാം ഭീതി നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്.
ഏറ്റവും മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങളാണ് നടക്കുന്നത്. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ എല്ലാവരും അപകടരംഗത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. മറ്റുള്ളവർ അവരെ പിന്തുണക്കുന്നുവെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. രക്ഷാപ്രവർത്തനം സുരക്ഷിതമായി നടക്കട്ടെ. അപകടത്തിൽ നിന്നും രക്ഷപെടുന്നവരുടെ ദുഃഖവും നടുക്കവും നമ്മുക്ക് പരിഹരിക്കാൻ ആകില്ലെങ്കിലും പ്രായോഗികമായി അവർക്ക് നൽകാവുന്ന എല്ലാ സഹായങ്ങളും നൽകാൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർക്ക് എത്തിക്കാനുള്ള വസ്തുവകകളുടെ കളക്ഷൻ ഉൾപ്പെടെയുള്ള ഏകോപനങ്ങൾ ദൂരദേശങ്ങളിൽ നടക്കുകയാണെന്നും ഒരു ദുരന്തം വരുമ്പോൾ കേരളസമൂഹം തീർച്ചയായും വേറൊരു ലെവലിലേക്ക് മാറുന്നുവെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു. അതേസമയം ഇതുവരെയും മാധ്യമങ്ങൾ ദുരന്തത്തിന്റെ വ്യാപ്തിയിലും രക്ഷാപ്രവർത്തനത്തിന്റെ രീതിയിലും മറ്റുമാണ് ഫോക്കസ് ചെയ്യുന്നത്. അത് വളരെ നല്ല കാര്യമാണെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.

മുൻകൂട്ടി പ്രവചിക്കാനും ഒഴിവാക്കാനും ഒരുപാട് വെല്ലുവിളികളുള്ള ദുരന്തമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. രക്ഷാപ്രവർത്തനവും അതുപോലെ തന്നെയാണ്. ധാരാളം ആളുകളുടെ മൃതശരീരം പോലും കണ്ടെടുക്കാൻ പറ്റാതെ വരും. കൃത്യമായി കണക്കില്ലാത്ത മറുനാടൻ തൊഴിലാളികളും കൂടിയുള്ള പ്രദേശമായതുകൊണ്ട്, ഇതെല്ലാം പിന്നെയും സങ്കീർണ്ണമാകും. ഇതിന് സാങ്കേതികവും സാമൂഹ്യവുമായ കാരണങ്ങളുണ്ടെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

Read more