'ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്, അഹമ്മദാബാദ് യോഗം ചരിത്രപരം'; രമേശ് ചെന്നിത്തല

അഹമ്മദാബാദ് യോഗം ചരിത്രപരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണെന്നും പാർട്ടി ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അഹമ്മദാബാദിൽ കോൺഗ്രസ് നിർണായക നേതൃയോഗം വിളിച്ചുചേർത്തത്.

ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്‌ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗവും തുടർന്ന് അടുത്ത ദിവസം അഹമ്മദാബാദിൽ ഒരു സമ്പൂർണ പാർട്ടി കൺവെൻഷനുമാണ് നടക്കുന്നത്. അതേസമയം വഖഫ് അടക്കം ചർച്ചയാകും. ട്രംപിന്റെ പകര ചുങ്കം അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സംഘടനാ ശക്തിയുടെ വികേന്ദ്രീകരണം, സഖ്യ മാനേജ്മെന്റ്, പൊതുജന സമ്പർക്കം വർധിപ്പിക്കൽ എന്നിവയായിരിക്കും അഹമ്മദാബാദിലെ ചർച്ചകളുടെ പ്രധാന വിഷയം. അതേസമയം ഗുജറാത്തിൽ എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിരിച്ചുവരവ് സാധ്യമാക്കാൻ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തപ്പെടുന്നത്. കോൺഗ്രസ് നേതാക്കളെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും എത്തിയിട്ടുണ്ട്. അതേസമയം പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കില്ല.