ഗുജറാത്തിനെ കണ്ട് നമ്മള്‍ പഠിക്കണം; പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നു: എ.പി അബ്ദുള്ളക്കുട്ടി

ഗുജറാത്ത് മോഡല്‍ വികസനം കണ്ട പഠിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. കാര്‍ഷികം, വ്യാവസായികം, അടിസ്ഥാനപുരോഗതി എന്നീ രംഗങ്ങളില്‍ വലിയ പുരോഗതിയാണ് ഗുജറാത്തിലുണ്ടായിട്ടുള്ളത്. അതെല്ലാം കണ്ട്് പഠിക്കാന്‍ തീരുമാനമെടുത്ത പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വികസനം കണ്ട് പഠിക്കണമെന്ന് പതിനാല് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തുമായി താന്‍ ശക്തമായി പറഞ്ഞിരുന്നു. വികസനത്തിന് രാഷ്ട്രീയം പാടില്ല, ഗുജറാത്തിനെ കണ്ട് നമ്മള്‍ പഠിക്കണം. പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തെ വൈകി വന്ന ബുദ്ധി എന്ന് വിമര്‍ശിക്കാനല്ല അഭിനന്ദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഗുജറാത്തില്‍ മാത്രം പോയാല്‍ പോര വേണമെങ്കില്‍ പിണറായി വിജയന്റെ ഭരണത്തിന് കീഴിലുള്ള കെ.എസ്.ആര്‍.ടി.സിയില്‍ നിന്നുള്ള ഒരു സംഘത്തെ യോഗി ആദിത്യനാഥിന്റെ ഭരണത്തിലുള്ള യു.പിയിലേക്ക് അയക്കണം. ഇന്ത്യയില്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖല ലാഭത്തിലാക്കിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് യോഗി. അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ യു പിയിലെ യു.പി.എസ്.ആര്‍.ടി.സി 153 കോടി രൂപ നഷ്ടത്തിലായിരുന്നു. ഒരു വര്‍ഷം കൊണ്ട് അദ്ദേഹം അത് 83 കോടി രൂപ ലാഭത്തിലാക്കി മാറ്റിയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് ചീഫ് സെക്രട്ടറി വി പി ജോയ് ഉള്‍പ്പെട്ട സംഘം ഗുജറാത്തിലേക്ക് പോകുന്നത്. ഇന്നു മുതല്‍ 29ാം തിയതി വരെയാണ് സന്ദര്‍ശനം. നാളെ ഗുജറാത്തില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

വന്‍കിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്തില്‍ ഡാഷ്ബോര്‍ഡ് സിസ്റ്റം തയ്യാറാക്കിയത്. 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാനായാണ് കേരളം സംഘം പോകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര.