CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ഇന്ത്യൻ ടീമിലെ മിസ്റ്ററി സ്പിന്നർ എന്ന് വിശേഷണമുള്ള താരമാണ് വരുൺ ചക്രവർത്തി. 2021 ലെ ടി 20 ലോകകപ്പിൽ മോശമായ പ്രകടനമായിരുന്നു അദ്ദേഹം അന്ന് കാഴ്ച്ച വെച്ചത്. അന്ന് തനിക്ക് ലഭിച്ച ഭീഷണികളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ:

” അന്ന് എന്റെ ജീവിതത്തിലെ ഇരുണ്ട ദിവസങ്ങളായിരുന്നു. 2021 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും എന്റെ പ്രകടനം മോശമായി. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിലേക്ക് എന്നെ വിളിച്ചത്. എന്നാൽ ഒരു വിക്കറ്റ് വീഴ്ത്താൻ പോലും എനിക്ക് കഴിഞ്ഞില്ല. ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല”

വരുൺ ചക്രവർത്തി തുടർന്നു:

” 2021 ട്വന്റി 20 ലോകകപ്പിന് ശേഷം എനിക്ക് നിരവധി ഭീഷണി കോളുകൾ ലഭിച്ചു. ഇന്ത്യയിലേക്ക് വരരുത്, വരാൻ നിങ്ങൾക്ക് കഴിയില്ല. എന്റെ വീട് അന്വേഷിച്ച് ആളുകൾ വന്നു. ചില സമയം എനിക്ക് മറഞ്ഞിരിക്കേണ്ടി വന്നു. ലോകകപ്പിന് ശേഷം എയർപോർട്ടിൽ നിന്നും തിരികെ വരുമ്പോൾ ചിലർ എന്നെ ബൈക്കിൽ പിന്തുടർന്നു. അത് സംഭവിക്കും. ആരാധകരുടെ വികാരം എനിക്ക് മനസിലാക്കാൻ കഴിയും” വരുൺ ചക്രവർത്തി പറഞ്ഞു.