തിരുവനന്തപുരം – രാജ്യത്തെ ശവപ്പറമ്പാക്കി മാറ്റിയ മോദി സര്‍ക്കാര്‍ ഭരണം വിടുക എന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന ഒരു മാസം നീണ്ടു നിന്ന പ്രക്ഷോഭങ്ങളുടെ സമാപനമായി വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലി ജൂണ്‍ 25 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും.
യൂട്യൂബ് ചാനലിലൂടെ ലൈവായി നടക്കുന്ന റാലി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ഡോ.എസ്.ക്യു.ആര് ഇല്യാസ് ഉദ്ഘാടനം ചെയ്യും. പരാജയപ്പെട്ട കോവിഡ് പ്രതിരോധം, ലക്ഷദ്വീപിലെ സംഘ് കൈയേറ്റം, പെട്രോളിയം വിലവര്‍ദ്ധന, പൗരത്വ നിഷേധം, കര്‍ഷക ദ്രോഹം, വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ജനാധിപത്യ ശബ്ദമുയര്ത്തുന്നവര്ക്കെതിരെയും നടത്തുന്ന ഭരണകൂട വേട്ട എന്നീ വിഷയങ്ങളുയര്‍ത്തിയാണ് ദേശീയ പ്രക്ഷോഭം മെയ് 25 മുതല്‍ ആരംഭിച്ചത്. കോവിഡ് സാമൂഹ്യ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ സമാപന റാലി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്.
Read more
പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും വെര്‍ച്വല്‍ റാലിയില്‍ അവരവരുടെ ഇടങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി അണിനിരക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം, ദേശീയ സെക്രട്ടറി ഇ.സി ആയിഷ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, ട്രഷറര്‍ പി.എ അബ്ദുല്‍ ഹഖീം, വൈസ് പ്രസിഡണ്ട് സുരേന്ദ്രന് കരിപ്പുഴ എന്നിവരും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, വിമണ്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് നജ്ദ റൈഹാന്‍ തുടങ്ങിയവരും റാലിയെ അഭിസംബോധന ചെയ്യും.