അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പി വി അൻവറിന് പിന്തുണയുമായി കൊണ്ഗ്രെസ്സ് നേതാവ് കെ മുരളീധരൻ. പി വി അൻവറിനെ അറസ്റ്റ് ചെയ്തത് ജനങ്ങൾക്കൊപ്പം നിന്നതിനാണെന്ന് കെ മുരളീധരൻ വിമർശിച്ചു. അതേസമയം പിണറായി വിജയൻ കേരള ഹിറ്റ്ലറാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് അൻവറിനെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രക്ഷിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് എന്നും വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ല എന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
അതേസമയം അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. അൻവറിന്റെ കോൺഗ്രസ് പ്രവേശനമടക്കം ചർച്ച ചെയ്യാനാണ് കെപിസിസി അടിയന്തര യോഗം ചേരുന്നത്. ഈ മാസം 12 ന് ഇന്ദിരാഭവനില്‍ വച്ചാണ് യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം. പി വി അന്‍വറിന് പിന്തുണയറിച്ച് യുഡിഎഫ് നേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായത്.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തിലാണ് പി.വി. അന്‍വര്‍ എംഎല്‍എയെ അറസ്റ്റിലായത്. പി വി അൻവറിനെ റിമാന്‍ഡ് ചെയ്തു. ഇന്നു പുലര്‍ച്ചെ 2.30 തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.വി. അന്‍വറാണ് കേസിലെ ഒന്നാം പ്രതി. കുറ്റിപ്പുറം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അദേഹത്തെ തവനൂര്‍ ജയില്‍ അടച്ചത്.