അന്‍വറിന്റേത് ന്യായമായ സമരരീതിയല്ല; ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അര്‍ധരാത്രി പിടികൂടേണ്ട ആവശ്യമില്ല; നിലമ്പൂര്‍ എംഎല്‍എയെ തല്ലിയും തലോടിയും എംഎം ഹസന്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റേത് ന്യായമായ സമരരീതിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അന്‍വറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ല. ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അര്‍ധരാത്രിയുള്ള അറസ്റ്റിന്റ കാര്യമുണ്ടോയെന്നും അദേഹം ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച സിപിഎം പ്രവര്‍ത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നത്. ഇത് പിണറായിയുടെ പോലീസ് നയത്തിന്റെ ഭാഗമാണെന്നും ഹസന്‍ പറഞ്ഞു.

പൊതുമുതല്‍ നശിപ്പിച്ച വി. ശിവന്‍കുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ. പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് അന്‍വറിനോടും കാണിച്ചത്. ശിവന്‍ കുട്ടിയോട് ഈ സമീപനം എടുക്കുമോ എന്നും ഹസന്‍ ചോദിച്ചു.

അതേസമയം, അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനമടക്കം ചര്‍ച്ച ചെയ്യാനാണ് കെപിസിസി അടിയന്തര യോഗം ചേരുന്നത്. ഈ മാസം 12 ന് ഇന്ദിരാഭവനില്‍ വച്ചാണ് യോഗം.

നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം. പി വി അന്‍വറിന് പിന്തുണയറിച്ച് യുഡിഎഫ് നേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ ഐക്യം യുഡിഎഫില്‍ രൂപപ്പെടുകയായിരുന്നു.