ക്ഷേമ പെൻഷൻ തട്ടിപ്പ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് നടത്തും, വിവരങ്ങൾ പരിശോധിക്കും

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തിൽ കടക്കാനാണ് സർക്കാർ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനം. സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും .ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും.

വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യൽ ഓഡിറ്റിംഗിൻ്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തിൽ ആദ്യം വിശദീകരണം തേടും. പിന്നീട് നടപടിയിലേയ്ക്ക് കടക്കും. ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും.

സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കും. പെൻഷൻകാർ, താൽക്കാലിക ജീവനക്കാർ എന്നിവരുടെ പട്ടിക തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകൾക്ക് കൈമാറും. അതിനിടെ മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേട് കണ്ടെത്തി. കോട്ടക്കൽ നഗരസഭയിൽ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടു. ഏഴാം വാർഡിലെ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹർ ആണെന്ന കണ്ടെത്തലിലാണ് നടപടി. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

1,458 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ തട്ടിച്ചതായി കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിൽ മാത്രം 370 പേർ പണം തട്ടിയെന്നും കണ്ടെത്തി. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ തട്ടിപ്പ് നടത്തി. കോളേജ് അസിസ്‌റ്റൻ്റ് പ്രൊഫസർമാരും തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ തട്ടിയവരുടെ പട്ടികയിലുണ്ട്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം.

Read more