'ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയത്'; ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കര വര്‍ദ്ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലിറ്ററിന് ഒരു പൈസയാണ് കൂടിയത്. വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.

അതേസമയം, ഏപ്രില്‍ ഒന്നിനും വെള്ളക്കരം കൂട്ടുമെന്ന ആശങ്കയുണ്ട്. 2021 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് വെള്ളക്കരത്തിന്റെ അടിസ്ഥാനനിരക്ക് അഞ്ചുശതമാനം കൂട്ടുന്നതിനുള്ള ഉത്തരവു നിലവിലുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷവും ഇതു നടപ്പാക്കിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ലിറ്ററിന് ഒരു പൈസവീതം കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. വില വര്‍ധന നിലവില്‍വരുന്ന വിധത്തില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഗസറ്റ് വിജ്ഞാപനം വന്നിട്ടുള്ളതില്‍ ഏപ്രിലിലെ പതിവുവര്‍ധന ഒഴിവാക്കിയതായി പറയുന്നില്ല.

Read more

 സ്വയംഭരണസ്ഥാപനങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് 2021 മുതല്‍ എല്ലാ സാമ്പത്തികവര്‍ഷവും വെള്ളക്കരത്തിന്റെ അടിസ്ഥാനനിരക്കില്‍ അഞ്ചുശതമാനം വര്‍ധന വരുത്തിയത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയില്ലെങ്കില്‍ ഇത്തവണയും അതു തുടരും.