സൈന്യത്തിന് വഴിയൊരുക്കുന്ന 'തുരപ്പന്‍മാര്‍'; എന്‍ജിനിയറിങ് സംഘത്തിലെ ഏക പെണ്‍പുലി; വയനാട്ടില്‍ ബെയ്‌ലി പാലം നിര്‍മിച്ച മദ്രാസ് സാപ്പേഴ്സിലെ മേജര്‍ സീത ഷെല്‍ക്കെ

യുദ്ധമുഖം അടക്കമുള്ള സ്ഥലങ്ങളിലേക്ക് സൈന്യത്തിന് വഴിയൊരുക്കുന്ന മദ്രാസ് സാപ്പേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന സെന്യത്തിന്റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പായ (എം.ഇ.ജി.) വയനാട് ഒരിക്കലും മറക്കില്ല. അവര്‍ ഒരുക്കിയ ബെയ്‌ലി പാലത്തിലൂടെയാണ് ഇന്നു രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കിയിരിക്കുന്നത്.

വയനാട് ചൂരല്‍മലയില്‍ ദ്രുതഗതിയിലുയര്‍ന്ന ബെയ്ലി പാലമാണ് രക്ഷാപ്രവര്‍ത്തനത്തിന് യുദ്ധകാലവേഗം നല്‍കിയത്. പ്രത്യേക പരിശീലനം ലഭിച്ച മദ്രാസ് സാപ്പേഴ്സ്. ഇവര്‍ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങള്‍ നിര്‍മിക്കുക, കുഴി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ഇറങ്ങാറുണ്ട്.

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കര്‍ണാടക-കേരള സബ് ഏരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) മേജര്‍ ജനറല്‍ വിനോദ് ടി. മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ്. ഇതില്‍ എന്‍ജിനിയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെല്‍ക്കെയാണ് ബെയ്‌ലി പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശിയാണ് മേജര്‍ സീത. അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കയുടെ നാലുമക്കളില്‍ ഒരാളാണ് മേജര്‍. അഹമ്മദ് നഗറിലെ എന്‍ജിനിയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷം, 2012-ലാണ് അവര്‍ സൈന്യത്തില്‍ മദ്രാസ് സാപ്പേഴ്‌സിന്റെ ഭാഗമാവുന്നത്.

1780 സെപ്റ്റംബര്‍ 30-ന് ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് ഇന്ന് ലോകത്തുതന്നെ ഏറ്റവും ശ്രദ്ധേയമായ സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള സൈന്യത്തെ സഹായിക്കുകയായിരുന്നു മദ്രാസ് സാപ്പേഴ്സ് ചെയ്തുകൊണ്ടിരുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിച്ചാണ് മേജര്‍ സീത ഷെല്‍ക്കെയുടെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ചിരിക്കുന്നത്. ലൈറ്റിന്റെ വെട്ടത്തില്‍ അര്‍ദ്ധരാത്രിയും ജോലികള്‍ നടത്തിയാണ് പാലം 36 മണിക്കൂറിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയിരിക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുതിയവേഗം കൈവരിച്ചിട്ടുണ്ട്. ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലെത്തിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

190 അടിയാണ് ചൂരല്‍മലയില്‍ നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്.

Read more

മുണ്ടക്കൈയിലേക്ക് ചൂരല്‍ മലയില്‍ നിന്നും താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു തവണ പറന്നിറങ്ങിയിരുന്നു. ഇവിടുന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിച്ചത്. പാലം പൂര്‍ത്തിയാക്കിയ മേജര്‍ സീത ഷെല്‍ക്കെക്കും ടീമിനും ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ജനം എതിരേറ്റത്.