ആരുടെ ഉത്തരവാദിത്തമാണ് കാന? എംപിക്ക് എന്താണ് റോൾ

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായത് മുതൽ പൊതുവിടങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ചർച്ച അതിനെ ചുറ്റിപറ്റിയുള്ളതാണ്. കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തുന്ന 46 മണിക്കൂറും കേരളം ചർച്ച ചെയ്‍തത് ആമയിഴഞ്ചാൻ തോടും അതിലെ മാലിന്യത്തെ കുറിച്ചുമാണ്. ആരായിരുന്നു തോട് വൃത്തിയാക്കേണ്ടിയിരുന്നത് എന്ന ചോദ്യമായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്കാണോ നഗരസഭയ്ക്കാണോ എന്ന തർക്കത്തിനിടയിൽ ഉത്തരവാദിത്തം എംപിക്ക് വരെ നൽകിയവരുണ്ട്.

15 വർഷമായി തിരുവനന്തപുരത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന ശശി തരൂരിന് നേരെയുള്ള പോസ്റ്ററുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഒരു എംപിയുടെ ഉത്തരവാദിത്തമാണോ നഗരസഭാ പരിധിയിലെ തോട് വൃത്തിയാക്കൽ എന്നത് അത് കാണുമ്പോൾ ഉയരുന്ന സ്വഭാവിക ചോദ്യമാണ്. അത് മനസിലാക്കണമെങ്കിൽ ആദ്യം അറിയേണ്ടത് ജനപ്രതിനിധികളായ എംപിമാരുടെയും എംഎൽഎമാരുടെയും മേയറിന്റെയുമൊക്കെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നുള്ളതാണ്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമായി നോക്കാം.

ലോക്സഭയിലെ പാർലമെൻ്റ് അംഗങ്ങളുടെ പ്രധാന ഉത്തരവാദിത്തം നിയമനിർമ്മാണത്തിൽ പങ്കാളികളാവുക എന്നതാണ്. കൃത്യമായ ചർച്ചകളിലൂടെയും ഇടപെടലുകളായിലൂടെയും രാജ്യത്തിന്റെ ഭരണത്തിൽ ഭാഗമാകേണ്ടവരാണവർ. ഇതുകൂടാതെ ഓരോ എംപിയും തൻ്റെ മണ്ഡലത്തിൻ്റെ ശബ്ദമാണ്. തൻ്റെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഓരോ എംപിയും ഉന്നയിക്കേണ്ടതുണ്ട്. ഒരു എംപിക്ക് തന്റെ മണ്ഡലത്തിലെ പ്രോജക്ടുകളുടെ കാര്യങ്ങളിൽ ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. അത് എംപി ഫണ്ടിന്റെ കാര്യത്തിലാണെങ്കിൽ പോലും നടപ്പാക്കലിൻ്റെയും അനുമതിയുടെയും ചുമതല ജില്ലാ കളക്ടർക്കാണ്. എന്ത് ചെയ്യണമെന്നുള്ളത് ശുപാർശ ചെയ്യുവാൻ മാത്രമേ എംപിക്ക് കഴിയുകയുള്ളു.

ഇനി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരുടെ കാര്യത്തിലേക്ക് വന്നാൽ നിയോജക മണ്ഡലങ്ങളാണ് അവരുടെ തട്ടകങ്ങൾ. എംഎൽഎമാരുടെ ചുമതലകൾ അവർ മന്ത്രിസഭയിലെ അംഗമാണോ, പ്രതിപക്ഷ അംഗമാണോ എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. പ്രതിപക്ഷ അംഗങ്ങൾ അവരുടെ നിയോജക മണ്ഡലങ്ങളെക്കുറിച്ചും വിമർശനാത്മക മേഖലകളെക്കുറിച്ചും അന്വേഷിക്കാനും സഭയിൽ ചോദ്യങ്ങൾ ചോദിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്നു.

നിവേദനങ്ങൾ, പ്രമേയങ്ങൾ, സ്വകാര്യ അംഗങ്ങളുടെ ബില്ലുകൾ എന്നിവ സഭയിൽ ഇവർ അവതരിപ്പിക്കുന്നു. ഗവണ്മെന്റിന്റെ പ്രവർത്തങ്ങ്ൾ സഭയിൽ വിശദമാക്കാനും പ്രതിപക്ഷത്തിന്റെ ചോദയത്തിന് മറുപടി പറയാനും ഭരണ പക്ഷത്തെ എംഎൽഎമാർ ബാധ്യസ്ഥരാണ്. സർക്കാർ ബില്ലുകൾ മുന്നോട്ട് വയ്ക്കാനും അവരുടെ വകുപ്പുകളുടെ എസ്റ്റിമേറ്റുകളും വാർഷിക റിപ്പോർട്ടുകളും കൈകാര്യം ചെയ്യാനും ക്യാബിനറ്റ് മന്ത്രിമാർ തയ്യാറാകണം.

ഇനി മണ്ഡലത്തിലേക്ക് വന്നാൽ ഓരോ എംഎൽഎയ്ക്കും അവരുടെ മണ്ഡലത്തിൽ ഓഫീസ് തുറക്കാം. എല്ലാ തലങ്ങളിലുമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തത്തോടെ നിർത്തുക. സർക്കാർ ഓഫീസുകൾ, സ്‌കൂൾ, ആശുപത്രി, അങ്കണവാടി, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് നടന്ന് പൊതുപണം എത്രത്തോളം ഫലപ്രദമായി ചെലവഴിക്കുന്നുവെന്നും പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നുണ്ടെന്നും പരിശോധിക്കാനും മനസ്സിലാക്കാനും എംഎൽഎമാർക്ക് അധികാരമുണ്ട്.

എംഎൽഎമാർ അവരുടെ മണ്ഡലങ്ങളുമായി വ്യക്തിപരമായ സമ്പർക്കം പുലർത്തേണ്ടവരാണ്. മാലിന്യ സംസ്‌കരണം പോലുള്ള പൗരപ്രശ്‌നങ്ങളിൽ ഇടപെടാൻ എംഎൽഎമാർക്ക് കഴിയുമെങ്കിലും അത് അവരുടെ ചുമതലയല്ല. അതേസമയം എംഎൽഎമാർ തെറ്റായ ഭരണസംവിധാനത്തെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കുകയും കാര്യങ്ങൾ ശരിയാക്കാൻ തങ്ങളുടെ അധികാരം ഉപയോഗിക്കുകയും വേണം.

ഇനി നഗരസഭകളുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

നഗരസഭ പരിധിയിലെ എല്ലാ പൊതു തെരുവുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. മലിനജലം, കുറ്റകരമായ വസ്തുക്കൾ, ചപ്പുചവറുകൾ എന്നിവയുടെ ശേഖരണം, നീക്കം ചെയ്യൽ, സംസ്കരണം, ഡ്രെയിനേജ് ജോലികൾ, പൊതു സ്വകാര്യ സ്ഥാപനങ്ങൾ, വാട്ടർ ക്ലോസറ്റുകൾ, മൂത്രപ്പുരകൾ, സമാനമായ സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, വൃത്തിയാക്കൽ ഇവയെല്ലാം നഗരസഭയുടെ ചുമതലയാണ്.

പൊതുനിരത്തുകൾ, മുനിസിപ്പൽ മാർക്കറ്റുകൾ, കോർപ്പറേഷനിൽ നിക്ഷിപ്തമായ റിസോർട്ട് സ്ഥലങ്ങൾ എന്നിവയുടെ വെളിച്ചം, പൊതു സ്മാരകങ്ങളുടെയും തുറസ്സായ സ്ഥലങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും പരിപാലനം, മൃതദേഹങ്ങൾ സംബന്ധിച്ച കാര്യങ്ങൾ, ശല്യം ഉണ്ടാക്കുന്ന പക്ഷികളുടെയോ മൃഗങ്ങളുടെയോ നാശം, അല്ലെങ്കിൽ കീടങ്ങളെ നശിപ്പിക്കൽ, തെരുവ് നായ്ക്കൾ അല്ലെങ്കിൽ ഉടമകളില്ലാത്ത നായ്ക്കളെ തടവിലാക്കൽ അല്ലെങ്കിൽ നശിപ്പിക്കൽ, പൊതു വാക്സിനേഷൻ സംവിധാനം, പൊതു നിരത്തുകൾ, പാലങ്ങൾ, സബ്-വേകൾ, കലുങ്കുകൾ, കോസ്-വേകൾ തുടങ്ങിയവയുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, മാറ്റം വരുത്തൽ, മെച്ചപ്പെടുത്തൽ, അപകടകരമായ രോഗങ്ങളുടെ വ്യാപനം തടയുകയും പരിശോധിക്കുകയും ചെയ്യുക, പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, കളിസ്ഥലങ്ങൾ, വിനോദ സ്ഥലങ്ങൾ എന്നിവ സംരക്ഷിക്കുക എന്ന് തുടങ്ങി കോർപ്പറേഷൻ പരിധിയിലെ സകലവിധ കാര്യങ്ങളിലും അധികാരമുള്ളതും ഉത്തരവാദിത്തമുള്ളതും കോർപ്പറേഷനാണ്.

കോർപ്പറേഷന്റെ ഭരണകർത്താവായ മേയറിലാണ് ഈ ഭരണ ചുമതല മുഴുവൻ നിക്ഷിപ്തമായിരിക്കുന്നത്. നഗരത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന മേയർ പ്രാദേശിക സർക്കാരിന് നേതൃത്വവും നിർദ്ദേശവും നൽകുന്നു. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്ന മുനിസിപ്പാലിറ്റിയുടെ മൊത്തത്തിലുള്ള മാനേജ്മെൻ്റിനും ഭരണത്തിനും അവർ ഉത്തരവാദികളാണ്. ഒരു മേയറുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് നയ രൂപീകരണത്തിലും തീരുമാനമെടുക്കൽ പ്രക്രിയകളിലും പങ്കെടുക്കുക എന്നതാണ്. മുനിസിപ്പൽ ബജറ്റ് സൃഷ്ടിക്കുന്നതിലും നടപ്പിലാക്കുന്നതിലും മേയർ നിർണായക പങ്ക് വഹിക്കുന്നു. നഗരത്തിൻ്റെ പൊതുമുഖം എന്ന നിലയിൽ, വിവിധ ഔദ്യോഗിക ചടങ്ങുകളിലും മീറ്റിംഗുകളിലും പരിപാടികളിലും മേയർ പങ്കെടുക്കേണ്ടതുണ്ട്. പൊതു സുരക്ഷയും എമർജൻസി മാനേജ്‌മെണ്ടും മേയറിന്റെ പൂർണ ഉത്തരവാദിത്തമാണ്.

ഇനി ആമയിഴഞ്ചാൻ തോട്ടിലെ സംഭവത്തിലേക്ക് വന്നാൽ ഉത്തരവാദികളായ മറ്റൊരു വിഭാഗം ഇന്ത്യൻ റെയിൽവേയാണ്. റെയിൽവേ ഭൂമിയിലുള്ള മാലിന്യം നീക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തം തന്നെയാണ് അതിൽ സംശയമൊന്നുമില്ല. എന്നാൽ ഇവിടെ നമ്മൾ ഏറെ ശ്രദ്ധയോടെ മനസിലാക്കേണ്ട കാര്യം ആമയിഴഞ്ചാൻ തോടിന്റെ ആകെ നീളം 12 കിലോമീറ്ററാണ്. ഇതിൽ റെയിൽവേ ഭൂമിക്കടിയിലൂടെ പോകുന്ന തോടിന്റെ നീളം 140 മീറ്ററുള്ള ടണൽ ഉൾപ്പടെ 250 മീറ്റർ മാത്രമാണ്. കേവലം ഈ 250 മീറ്ററിൽ മാത്രമല്ല മാലിന്യമുള്ളത്, മറിച്ച് 12 കിലോമീറ്ററുള്ള തോടിന്റെ എല്ലാ ഭാഗങ്ങളും ടൺ കണക്കിന് മാലിന്യങ്ങൾകൊണ്ട് വർഷങ്ങളായി നിറഞ്ഞുകിടക്കുന്നതാണെന്നുള്ളതാണ് യഥാർത്ഥ വസ്തുത.