'അടിസ്ഥാന വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കും; ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം': മന്ത്രി ഒ ആര്‍ കേളു

അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഒ.ആര്‍ കേളു. പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭരിച്ച ഉത്തരവാദിത്തമാണ് വന്ന് ചേർന്നിരിക്കുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ കാര്യങ്ങള്‍ ഇതുവരെ ശാശ്വതമായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന മേഖല ഏറ്റവും സങ്കീര്‍ണ്ണമായ മേഖലയാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യമുണ്ട്. ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അടക്കം ക്ഷേമപദ്ധതികളാണ് മേഖലയ്ക്ക് ആവശ്യം. അതിന് പ്രാഥമികമായി മുന്‍ഗണന നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആദിവാസി മേഖലയിൽ വയനാട് ജില്ലയില്‍ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. അതേസമയം പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാവാം കെ രാധാകൃഷ്ണന്റെ വകുപ്പ് മൂന്ന് പേര്‍ക്കായി നല്‍കിയതെന്നും പാര്‍ട്ടി നല്ല പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ രാധാകൃഷ്ണന്‍ തുടങ്ങിവച്ച കാര്യങ്ങൾ പിന്തുടരുമെന്നും മന്ത്രി കേളു പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ പുനഃസംഘടന നടന്നത്. ദേവസ്വം, പട്ടിക ജാതി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി ഒ ആര്‍ കേളു തിരഞ്ഞെടുക്കപ്പെട്ടത്.

നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒആര്‍ കേളു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ഒആര്‍ കേളു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ദേവസ്വം വകുപ്പ് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന് നല്‍കി. പാര്‍ലമെന്ററി വകുപ്പ് മന്ത്രി എംബി രാജേഷിന് നല്‍കി.