മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വധശ്രമ കേസില്‍ തൃശ്ശൂര്‍ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന യുട്യൂബർ മണവാളൻ മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുടി മുറിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായത്. തൃശൂർ ജില്ലാ അധികൃതരുടേതാണ് നടപടി.

തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം മണവാളനെ റിമാൻഡ് ചെയ്‌തിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്ന് തൃശൂർ ടൗൺ വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്‌തത്. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയായ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.

വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും പിന്നീട് അറസ്റ്റിലായതും. ഏപ്രിൽ 19നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കേരളവർമ കോളേജ് റോഡിൽ വച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു.

Read more