പാലാ ബിഷപ്പിന്റെ ജിഹാദ് പരാമര്‍ശം അനവസരത്തിലെന്ന് യുഹാനോന്‍ മാര്‍ മിത്തിലിയോസ്; ബിഷപ്പിനെ പിന്തുണച്ച് കെസിബിസി

പാലാ ബിഷപ്പിന്റെ പ്രസ്താവനയിലെ ജിഹാദ് പരാമര്‍ശം യോജിച്ചതല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ യുഹാനോന്‍ മാര്‍ മിത്തിലിയോസ്. മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ ഗൗരവമായ വിഷയത്തെയാണ് പാലാ ബിഷപ്പ് പരാമര്‍ശിച്ചത്. എന്നാല്‍ ജിഹാദ് എന്ന വാക്കാണ് അതില്‍ തെറ്റായി ഉപയോഗിക്കപ്പെട്ടതെന്നും, അനവസരത്തില്‍ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചത് മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും മാര്‍ മിത്തിലിയോസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പ്രത്യേകിച്ച് ഒരു ബിഷപ്പ് അത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെസിബിസി രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്യണമെന്നും ഇതിനോട് മുന്‍വിധി കൂടാതെ സമീപിക്കണമെന്നും കെസിബിസി വ്യക്തമാക്കി.

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ബിഷപ്പ് ചെയ്തത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യണമെന്നും കെസിബിസി വ്യക്തമാക്കി. സാമൂഹികമൈത്രി നില നിര്‍ത്താന്‍ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസിബിസി അറിയിച്ചു.