സുബൈര്‍ വധം; അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്‌

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ പേരിലാണെന്ന് പൊലീസ്. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് കാറുകളിലായാണ് അക്രമി സംഘം എത്തിയത്.

കൊലപാതകത്തിന് ശേഷം സഞ്ജിത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഇയോണ്‍ കാര്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ നമ്പര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധന ആവശ്യമാണന്നും പൊലീസ് അറിയിച്ചു.

എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.

സുബൈറിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എലപ്പുള്ളിയില്‍ വ്യാപാരിയാണ് സുബൈര്‍. പോപുലര്‍ ഫ്രണ്ട് പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു.

കൊലപാതകം പകവീട്ടലാണെന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന സിപിഎം നേതാവും മലമ്പുഴ എംഎല്‍എയും എ പ്രഭാകരന്‍ പറഞ്ഞു. നാാട്ടിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.