മഹാരാഷ്ട്രയിലെ താനെയിൽ 11 വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ 5 പേർ അറസ്റ്റിലായി. പ്രതികളിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയാകാത്ത നാലുപേരെ ജുവനൈൽ ഹോമിലേക്കും ഒരാളെ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അച്ഛൻ്റെയും മുത്തശ്ശിയുടെയും പരിചയക്കാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പെൺകുട്ടിയും മുഖ്യപ്രതിയും പതിനൊന്ന് വയസുകാരിയെ സമീപിച്ചത്. അംബർനാഥ് ടൗണിൽ ആയിരുന്ന 11 വയസ്സുകാരിയെ പ്രതിയായ പെൺകുട്ടി അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ നിർബന്ധിച്ചു. തുടർന്ന് ഓട്ടോയിൽ കയറിയ പെൺകുട്ടിയെ അവർ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.
മറ്റ് പ്രതികൾ കാത്തുനിൽക്കുന്ന ഗ്രാമത്തിലേക്കാണ് പതിനൊന്ന് വയസുകാരിയെ ഇരുവരും കൂട്ടിക്കൊണ്ട് പോയത്. സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവറെ അവർ പറഞ്ഞു വിട്ടു. തുടർന്നാണ് പതിനൊന്നു വയസുകാരിയെ അഞ്ചാംഗ സംഘം ബലാത്സംഗം ചെയ്തത്. അതേസമയം മുഖ്യപ്രതി ഓട്ടോറിക്ഷയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
സംഭവശേഷം പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതികൾ പതിനൊന്ന് വയസുകാരിയെ ഭീഷണിപ്പെടുത്തി. എന്നാൽ കുട്ടി സംഭവസ്ഥലത്ത് നിന്ന് ഓടി വീട്ടിലെത്തി വീട്ടുകാരെ വിവരമറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ ശനിയാഴ്ച അംബർനാഥ് പോലീസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ സംഹിത പ്രകാരമാണ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ കർശനമായി സംരക്ഷിക്കുന്നതിനുള്ള നിയമവും ചുമത്തിയിട്ടുണ്ട്. അതേസമയം പ്രായപൂർത്തിയായ അഞ്ചാം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും അംബർനാഥ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.