തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാമ്പ് നടത്തി 14 വിദ്യാർത്ഥിനികളെ പീഢിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മുഖ്യ പ്രതി ശിവരാമൻ മരിച്ച നിലയിൽ. കസ്റ്റഡിയിൽ കഴിയവേ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശിവരാമനെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലായിരുന്നു വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ട് ടൈം എൻസിസി ട്രെയിനറും നാം തമിഴർ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ ക്യാമ്പ് എൻസിസി അധികൃതരുടെ അറിവോടെയല്ലായിരുന്നു നടന്നത്.
ഓഗസ്റ്റ് ഒൻപതിന് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എൻസിസി ക്യാമ്പിലാണ് പീഡനമുണ്ടായത്. ഇതിന് പിന്നാലെ ഒരു വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതികളെ പിടികൂടാനായത്. ട്രെയിനർ പൊലീസിന് നൽകിയ മൊഴിയിലും 14 വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.
ഓഗസ്റ്റ് ഒൻപതിന് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാർത്ഥിനി സ്കൂളിലെ അധ്യാപകരോടും പ്രിൻസിപ്പലിനോടും പരാതിപ്പെട്ടിരുന്നു. കടുത്ത വയറുവേദനയും ശരീരത്തിൽ പരിക്കുകളുമേറ്റിരുന്ന വിദ്യാർത്ഥിനി വിവരം മാതാപിതാക്കളോടും പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നായിരുന്നു 11 പേരുടെയും അറസ്റ്റ്.
സംഭവം പുറത്ത് വന്നതിന് പിന്നാലെ ട്രെയിനർ ഒളിവിൽ പോയിരുന്നു. ഇയാളെ കോയമ്പത്തൂരിൽവെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ ശിവരാമനെ കൃഷ്‌ണഗിരിയിൽ ജില്ല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ കാവേരിപട്ടിനത്തിലുള്ള മറ്റ് സ്വകാര്യ സ്‌കൂളുകളിലും പാർട്ട് ടൈം എൻസിസി ട്രെയിനറായി ജോലി ചെയ്തിരുന്നു. ഈ സ്കൂളുകളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.