15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍

മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ജീന്ദര്‍ സിങ്. ഇതേ തുടര്‍ന്ന് 2025 ഡിസംബറോടെ ഡല്‍ഹിയിലെ സിഎന്‍ജി ബസുകളില്‍ 90 ശതമാനവും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും മന്ത്രി അറിയിച്ചു.

Read more

സിഎന്‍ജി ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കും. ഡല്‍ഹിയിലെ വലിയ ഹോട്ടലുകള്‍, ഓഫീസ് സമുച്ചയങ്ങള്‍, വിമാനത്താവളം, വലിയ നിര്‍മ്മാണ സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആന്റി സ്‌മോഗ് ഗണ്ണുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.