26/11 മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ്; പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു; രാത്രിയോടെ രാജ്യത്തെത്തും

2008ലെ മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രമെന്ന് കരുതപ്പെടുന്ന തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. റാണയെ ഇന്ത്യക്ക് കൈമാറാനുള്ള യുഎസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപ്പീല്‍ അമേരിക്കന്‍ സുപ്രീം കോടതി തള്ളിയതോടെയാണ് എക്‌സ്ട്രാടിഷന്‍ നടപടികള്‍ വേഗത്തിലായത്. പ്രത്യേക വിമാനത്തിലാണ് തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണ ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന ആവശ്യവുമായി യുഎസില്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യല്‍ കുറ്റംകൃത്യം നടത്തിയ പ്രതിയെ അവിടുത്തെ നീതിന്യായ സംവിധാനത്തിലൂടെ ശിക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് യുഎസ് സുപ്രീകോടതി പ്രതിയുടെ അപേക്ഷ തള്ളിയത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് റാണയെ കൊണ്ടുവരുകയായിരുന്നു. വിമാനത്തിന് ഇന്ധനം നിറയ്‌ക്കേണ്ടിവരുമെന്നും ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചെയോ വിമാനം ലാന്‍ഡ് ചെയ്യുമെന്നും കരുതുന്നതായും സൂചനയുണ്ട്.

നേരത്തേയും റാണ കോടതിയെ സമീപിച്ച് ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുന്നതിന് തടയിടാന്‍ ശ്രമിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ ഒരു അപേക്ഷ യുഎസ് സുപ്രീം കോടതി നിരസിച്ചിരുന്നു. തനിക്ക് വയറിലെ അയോര്‍ട്ടിക് അന്യൂറിസം ബാധിച്ച് പൊട്ടാനുള്ള സാധ്യതയുണ്ടെന്നും, വൈജ്ഞാനിക ശേഷി കുറയുന്ന പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും, മൂത്രാശയ കാന്‍സറിനുള്ള സാധ്യതയുണ്ടെന്നും റാണ നേരത്തെ യുഎസ് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെടാന്‍ തുടങ്ങിയാല്‍ താന്‍ അധികകാലം അതിജീവിക്കില്ലെന്ന് പറഞ്ഞാണ് കോടതിയില്‍ നിന്ന് റാണ സംരക്ഷണം തേടിയത്. ദേശീയ, മത, സാംസ്‌കാരിക വിദ്വേഷം കാരണം ഇന്ത്യയില്‍ താന്‍ സുരക്ഷിതനല്ലെന്നും തന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു.

2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍- അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ കൂട്ടാളിയാണ് റാണ. പാകിസ്ഥാന്‍ വംശജനായ ബിസിനസുകാരനും, ഫിസിഷ്യനും, ഇമിഗ്രേഷന്‍ സംരംഭകനുമാണ് റാണ. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി)യുമായും, പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ്, ഐഎസ്ഐയുമായും റാണയ്ക്ക് ബന്ധമുണ്ട്.

ആക്രമണങ്ങള്‍ക്ക് ഭൗതിക സഹായം നല്‍കിയെന്ന കുറ്റത്തില്‍ നിന്ന് യുഎസ് ജൂറി റാണയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു, എന്നാല്‍ മറ്റ് രണ്ട് കേസുകളില്‍ റാണ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷം റാണയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയപ്പോള്‍ ജയിലില്‍ നിന്ന് കുറ്റവാളി മോചിതനായി. പിന്നീട് ഇന്ത്യയിലേക്ക് കൈമാറുന്നതിനായി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് റാണ നാടുകടത്തലിനെ ചോദ്യം ചെയ്തു കോടതിയ്ക്ക് മുന്നിലെത്തിയെങ്കിലും യുഎസ് സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.