'കൊവിഷീല്‍ഡ് വാക്‌സിന്‍ മൂലം മകള്‍ മരിച്ചു'; ബില്‍ ഗേറ്റ്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും നോട്ടീസ് അയച്ച് മുംബൈ ഹൈക്കോടതി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവിഷീല്‍ഡിന്റെ ഉപയോഗത്തെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന് ആരോപണത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനും നോട്ടീസ് അയച്ച് മുംബൈ ഹൈക്കോടതി.

ദിലീപ് ലുനാവത് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണമെന്നാണ് ദിലീപ് ലുനാവതിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി ജി സോമാനി, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍.

ദിലീപ് ലുനാവത്തിന്റെ മകള്‍ ധമന്‍ഗാവിലെ എസ്എംബിടി ഡെന്റല്‍ കോളേജില്‍ സീനിയര്‍ ലക്ചററായി പ്രവര്‍ത്തിച്ചു വരുകയായിരുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാ പ്രവര്‍ത്തകരോടും വാക്‌സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മകള്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതയായതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.സൊമാനിയും ഗുലേറിയയും ജനങ്ങള്‍ക്ക് നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ദിലീപ് ലുനാവത് ഹര്‍ജിയില്‍ പറഞ്ഞു.2021 മാര്‍ച്ച് ഒന്നിനാണ് ലുനാവതിന്റെ മകള്‍ മരിച്ചത്. 2021 ജനുവരി 28 നാണ് ഇയാളുടെ മകള്‍ വാക്‌സിന്‍ എടുത്തത് . വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അദ്ദേഹം ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.