'ഒമൈക്രോണ്‍ ഉപവകഭേദം മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കില്ല'; ഐ.എം.എ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കൂട്ടിയ ഒമൈക്രോണ്‍ ഉപവകഭേദമായ ബി.എ.2 വകഭേദം മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കല്ലെന്ന് ഐ.എം.എ ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍. മറ്റ് ഉപവകഭേദങ്ങളേക്കാള്‍ വ്യാപന ശേഷി ബി.എ2 ന് കൂടുതലാണ്. മുമ്പ് ബി.എ.1 ഉപവകഭേദം ബാധിച്ചവരെ ബി.എ.2 ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ പ്രതിരോധശേഷിയെ ഒമൈക്രോണ്‍ വകഭേദങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. പുതിയ വകഭേദങ്ങള്‍ ഇനിയും മ്യൂട്ടേഷന്‍ സംഭവിച്ചോ ഉണ്ടായി വരുന്നതോടെ അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം മറികടക്കാന്‍ സാധിക്കും.

രാജ്യത്ത് ബി.എ.2 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട്. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് ബി.എ2 കാരണമായിട്ടുണ്ട്.

ഒരു വൈറസ് നമുക്ക് ചുറ്റും വളരെക്കാലം ഉണ്ടാകും. അത് ഉയര്‍ന്നും താഴ്ന്നും നില്‍ക്കും. അടുത്ത വകഭേദം വരുമ്പോള്‍ വീണ്ടും രോഗികളഉടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടാകും. എന്നാല്‍ അത് എപ്പോള്‍ ആയിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഇത് കാണപ്പെടുമെന്നാണ് വ്യക്തമാകുന്നതെന്ന് രാജീവ് ജയദേവന്‍ വ്യക്തമാക്കി.

Read more

നിലവില്‍ ഒമൈക്രോണ്‍ രോഗിബാധിതരുടെ എണ്ണം രാജ്യത്ത് താഴ്ന്ന് നിലയിലാണ്. എന്നാല്‍ വൈറസ് വിട്ടുപോയിട്ടില്ലെന്നും, നമ്മളാല്‍ കഴിയുന്ന രീതിയില്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.