'ഇത് മോദിയുടെ തന്ത്രപരമായ നീക്കം, ആരും വീഴരുത്'; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ നാലിടത്തും ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നതും തീരുമാനവും ഉണ്ടാകുന്നതും 2024ലാണ്. അത് തീരുമാനിക്കപ്പെടുന്നത് സംസ്ഥാന തിരഞ്ഞെടുപ്പുകളിലല്ല എന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം നടക്കുന്നതും വിധിയെഴുതുന്നതും 2024ലാണ്. അല്ലാതെ ഒരു സംസ്ഥാന തിരഞ്ഞെടുപ്പിലുമല്ല. സാഹബിന് ഇതറിയാം! എങ്കിലും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സൂചനയാണെന്ന് വരുത്തി തീര്‍ത്ത് എതിരാളികളില്‍ വിഭ്രമമുണ്ടാക്കാനും മാനസിക മേധാവിത്വം നേടാനുമുള്ള തന്ത്രപരമായ നീക്കമാണ് നടത്തിയത്. ഇതില്‍ വീണുപോവുകയോ ഇതിന്റെ ഭാഗമാകുകയോ ചെയ്യരുത്’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ ഒരു ദൃഷ്ടാന്തം നല്‍കുമെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞത്.

‘2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2019ലെ പൊതു തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കപ്പെട്ടുവെന്ന് പലരും പറഞ്ഞിരുന്നു. അതേ ചിന്ത ഇപ്പോളും ബാധകമാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. 2024ലെ പൊതുതിരഞ്ഞെടുപ്പ് ഫലം 2022ലെ യു.പി തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കാണാം,’ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

യു.പിയില്‍ രണ്ടാം തവണയും ബി.ജെ.പി റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന പ്രവചനങ്ങളെ തെറ്റിച്ച് വിജയിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്ന കോണ്‍ഗ്രസിനെ താഴെയിറക്കി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) പഞ്ചാബ് തൂത്തുവാരി.

Read more

80 ലോക്സഭാ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യു.പി ദേശീയ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.