കൈക്കൂലിയായി ആവശ്യപ്പെട്ടത് അഞ്ച് കിലോ 'ഉരുളക്കിഴങ്ങ്'; സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

ഉത്തർപ്രദേശിലെ കനൗജിൽ ഉരുളക്കിഴങ്ങ് കൈക്കൂലി ആവശ്യപ്പെട്ട സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. രാം കൃപാൽ സിംഗ് എന്ന പോലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.

കൈക്കൂലിയായി ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടർന്ന് സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യാൻ കനൗജ് എസ്പി അമിത് കുമാർ ആനന്ദ് ഉത്തരവിട്ടു. കേസിൽ വകുപ്പുതല അന്വേഷണവും നിർദേശിച്ചിട്ടുണ്ട്.

വൈറൽ ഓഡിയോയിൽ, പോലീസുകാരൻ ഒരു കർഷകനോട് 5 കിലോ “ഉരുളക്കിഴങ്ങ്” ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാൽ അത്രയും താരനില്ലെന്നും പകരം 2 കിലോ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെടുകയും തൻ്റെ യഥാർത്ഥ ആവശ്യം പറയുകയും ചെയ്യുന്നു. പിന്നീട് 3 കിലോ എന്ന നിരക്കിലാണ് അന്തിമ കരാർ ഉറപ്പിച്ചത്. അതേസമയം കൈക്കൂലിയുടെ കോഡായി ഉരുളക്കിഴങ്ങ് എന്ന വാക്ക് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ എസ് ഐ രാംകൃപാലിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ.

Read more