ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് വിമത എംഎല്‍എമാരേയും അയോഗ്യരാക്കി കോണ്‍ഗ്രസ്; കൂറുമാറ്റ നിരോധനനിയമ പ്രകാരം സ്പീക്കറുടെ പ്രഖ്യാപനം; ഹിമാചലില്‍ കടുപ്പിച്ചു തന്നെ പാര്‍ട്ടി

ഹിമാചല്‍ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാരേയും അയോഗ്യരാക്കി കൊണ്ട് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ഹിമാചലില്‍ പാര്‍ട്ടിടേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത് ഉറപ്പായും കോണ്‍ഗ്രസിന് കിട്ടേണ്ട സീറ്റ് ബിജെപിയ്ക്ക് അടിയറവെച്ച വിമത എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് പാര്‍ട്ടി നേതൃത്വം. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ആറ് വിമത എംഎല്‍എമാര്‍ക്കെതിരേയും സ്പീക്കര്‍ കുല്‍ദീപ് സിങ് പഥാനിയയാണ് നടപടി നിയമസഭയില്‍ പ്രഖ്യാപിച്ചത്.

രജീന്ദര്‍ റാണ, സൂധീര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ്മ എന്നിവരാണ് നിയമസഭയില്‍ അയോഗ്യരായ വിമത എംഎല്‍എമാര്‍. ഇന്നലെ സഭയില്‍ ധനകാര്യ ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ഇവരെ അയോഗ്യരാക്കിയതായാണ് നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പഥാനിയ അറിയിച്ചത്. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത എംഎല്‍മാരെ കൂട്ടുപിടിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുത്ത ബിജെപി നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചിരുന്നു. ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കം 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ ഇതോടെ സസ്പെന്‍ഡ് ചെയ്താണ് സഭയില്‍ കോണ്‍ഗ്രസിന്റെ ബജറ്റ് പാസാക്കിയെടുത്തത്.

എംഎല്‍എമാരുടെ സസ്‌പെന്‍ഷന് പിന്നാലെയാണ് നിയമസഭ സംസ്ഥാന ബജറ്റ് പാസാക്കിയതും പിന്നീട് ഇന്ന് പാര്‍ട്ടിയെ ചതിച്ച എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍ നിന്ന് അയോഗ്യരാക്കി പുറത്താക്കിയതും. സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞത് ഇങ്ങനെയാണ്.

കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു

ആകെയുള്ള 68 സീറ്റില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും ബിജെപിയ്ക്ക് 25 എംഎല്‍എമാരും മാത്രമാണ് ഉണ്ടായിരുന്നത്. എളുപ്പത്തില്‍ ജയിക്കാനാകുമായിരുന്ന രാജ്യസഭാ സീറ്റാണ് ബിജെപി അട്ടിമറിയിലൂടെ സ്വന്തമാക്കിയത്. ബിജെപിയുടെ ചാക്കിട്ടു പിടുത്തത്തില്‍ കോണ്‍ഗ്രസിലെ വിമത നീക്കം ശക്തിപ്പെട്ടതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്വി തോറ്റു.മുതിര്‍ന്നനേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണ് ഹിമാചലിലെ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത്.  കോണ്‍ഗ്രസ് പ്രശ്ന പരിഹാരത്തിന് ഇറങ്ങും മുമ്പ് പ്രതിഭാ സിങിന്റെ മകനും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജിവെച്ച് വിമത ഭീഷണിയുയര്‍ത്തി. ഇതോടെ  പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം മറനീക്കി പുറത്തുവന്നു. ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് ഇറക്കി വിഷയം ഒതുക്കാന്‍ ശ്രമം തുടങ്ങി.

കോണ്‍ഗ്രസിനായി കര്‍ണാടകയും തെലങ്കാനയും ഉറപ്പിച്ചു നിര്‍ത്തിയ പാര്‍ട്ടിയുടെ ചാണക്യന്‍ ഡികെയും ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമെല്ലാം ഹിമാചലിലേക്ക് ഇറങ്ങി. കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറിനെയും ഭൂപേഷ് ബാഗേലിനെയും ഭൂപൂന്ദര്‍ ഹൂഡയെയു പാര്‍ട്ടിക്കകത്തെ പടലപ്പിണക്കം തീര്‍ക്കാന്‍ മലയോര സംസ്ഥാനത്തേക്ക് അയച്ച ഹൈക്കമാന്‍ഡ് അനനുനയ നീക്കത്തിനൊപ്പം പാര്‍ട്ടിയെ ചതിച്ചവരെ നിലയ്ക്ക് നിര്‍ത്താനും ഇവരെ ചുമതലപ്പെടുത്തി.

Read more

മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യ സിങ് പക്ഷേ മുതിര്‍ന്ന നേതാക്കള്‍ ഷിംലയിലെത്തിയതോടെ രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് മാറി. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു വിക്രമാദിത്യയുടെ രാജി സ്വീകരിക്കില്ലെന്ന് ഇന്നലെയേ പ്രഖ്യാപിച്ചിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കിടയിലും കൂറുമാറിയവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന ഉറപ്പിച്ചാണ് പാര്‍ട്ടി ഹിമചലില്‍ പൊരുതുന്നത്.