മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുകയാണ്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി കൂടിയാണ് നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റ് അവതരണ ദിനത്തില്‍ ബജറ്റ് പോലെതന്നെ ധനമന്ത്രി സീതാരാമന്റെ വസ്ത്രധാരണവും വാര്‍ത്തകളിലിടം നേടാറുണ്ട്.
ഇത്തവണ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ്. ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയാണുള്ളത്. ബിഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ് മധുബനി.
പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കടുത്ത വൈബ്രന്റ് നിറങ്ങളുടെയും പ്രതീകാത്മക അവതരണങ്ങളും മധുബനിയുടെ സവിശേഷതയാണ്. പ്രഗത്ഭയായ ചിത്രകാരി കര്‍പ്പൂരി ദേവിയില്‍ നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.
എന്നാല്‍ ബിഹാറിലെ പരമ്പരാഗത കലാരൂപമായ മധുബനി സാരിയില്‍ ഉള്‍പ്പെടുത്തിയത് ഫാഷന്‍ ചോയ്‌സ് മാത്രമാണോ അതോ മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇതിന് പിന്നില്‍ ബിഹാറിനോടും നിതീഷ് കുമാറിനോടുള്ള അമിത വിധേയത്തവുമാണെന്നുള്ള ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ തവണ ബജറ്റ് അവതരിപ്പിക്കാനായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള മജന്ത ബോര്‍ഡറുള്ള ഓഫ് വൈറ്റ് മംഗളഗിരി സാരിയാണ് നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്. 2023ല്‍, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിള്‍ ബോര്‍ഡര്‍ സാരിയാണ് ധരിച്ചത്. കര്‍ണാടക ധാര്‍വാഡ് മേഖലയിലെ കസൂട്ടി വര്‍ക്ക് ഉള്ള ഇല്‍ക്കല്‍ സില്‍ക്ക് സാരിയായിരുന്നു അത്.
2022ല്‍, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് ധരിച്ചത്. 2021ല്‍, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജില്‍ നിന്നുള്ള ഒരു ഓഫ് വൈറ്റ് പോച്ചമ്പള്ളി സാരിയാണ് ധരിച്ചിരുന്നത്. 2020ല്‍ മഞ്ഞ സില്‍ക്ക് സാരിയും 2019ല്‍ ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള പിങ്ക് മംഗള്‍ഗിരി സാരിയുമാണ് ധരിച്ചിരുന്നത്.