ഡിസംബർ 28 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ 10 ദിവസത്തേക്ക് കർണാടക സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.
നൈറ്റ് കർഫ്യൂവിനൊപ്പം, പുതുവർഷവുമായി ബന്ധപ്പെട്ട പാർട്ടികൾക്കും ഒത്തുചേരലുകൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ് ഒമൈക്രോണിന്റെ ഭീഷണിഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഡിസംബർ 28 മുതൽ, ഏകദേശം പത്ത് ദിവസത്തേക്ക്, രാത്രി 10 മണി മുതൽ അടുത്ത ദിവസം രാവിലെ 5 മണി വരെ സെക്ഷൻ 144 പ്രഖ്യാപിച്ചുകൊണ്ട് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് കെ സുധാകർ പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുതുവർഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“പുറത്ത് ചടങ്ങുകളോ പാർട്ടികളോ ഉണ്ടാകില്ല, പ്രത്യേകിച്ച് ഡിജെകളും വലിയ ഒത്തുചേരലുകളും ആഘോഷങ്ങളും, കർണാടകയിൽ അവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
Read more
ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 422 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടുതലും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്.