ബിജെപി മുഖ്യശത്രു; മോദിയുടെ മോഹം തീര്‍ക്കും; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമെന്ന് എഎപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗധ്‌വി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇത്തരമൊരു സഖ്യം വേണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച്് കൂടുതല്‍ തീരുമാനം കേന്ദ്രനേതൃത്വമാണ് എടുക്കുന്നതെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യില്‍ രണ്ടുപാര്‍ട്ടികളും അംഗങ്ങളായതിനാല്‍ സഖ്യം സ്വാഭാവികമാണെന്ന് ഗധ്‌വി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. സീറ്റുപങ്കിടലില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന് ഉന്നത നേതൃത്വം തീരുമാനിക്കും. പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകേണ്ട മണ്ഡലങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ പഠിച്ചുതുടങ്ങി. ഇക്കുറി മുഴുവന്‍ സീറ്റുകളും നേടാനാവുമെന്ന് ബിജെപിയും മോദിയും വിചാരിക്കണ്ടെന്നും അദേഹം പറഞ്ഞു.

എന്നാല്‍, മറ്റു പാര്‍ട്ടികളുമായുള്ള സീറ്റുധാരണ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുക. അതിനുശേഷം മാത്രമേ ഞങ്ങള്‍ അതേപ്പറ്റി ചിന്തിക്കേണ്ടതുള്ളുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിവക്താവ് മനീഷ് ദോഷി പറഞ്ഞു. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ ആകെയുള്ള 26 സീറ്റുകളും ബിജെപിയാണ് നേടിയത്.

Read more

എഎപി കോണ്‍ഗ്രസിന്റെ ‘ബി’ ടീമാണെന്ന് വ്യക്തമായതായി ബിജെപി. വക്താവ് ഋത്വിജ് പട്ടേല്‍ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ഒരു സഖ്യത്തെയും ഭയമില്ല. എല്ലാ സീറ്റിലും അഞ്ചുലക്ഷത്തിലേറെ ഭൂരിപക്ഷമാണ് ഇത്തവണത്തെ ബിജെപിയുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.